കുന്നുംകൈ: പരപ്പച്ചാൽ പാലത്തിനു സമീപമുള്ള അപകടവളവിൽ ലോറി പുഴയിലേക്കു മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശി അഷ്കറിനെയും ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വരദരാജിനെയും കാസർഗോഡ് മിംസ് ആശുപത്രിയിലും സാരമായി പരിക്കേറ്റ ഞാണിക്കടവ് സ്വദേശി മൊയ്തുവിനെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് ജൈവവളം കയറ്റിവന്ന ലോറി പരപ്പച്ചാൽ ഇറക്കത്തിൽ നിന്നു പാലത്തിലേക്ക് കയറുമ്പോൾ നിയന്ത്രണം വിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. വേനൽക്കാലമായതിനാൽ പുഴയിൽ കാര്യമായി വെള്ളമുണ്ടായിരുന്നില്ല. രണ്ടു വർഷം മുമ്പ് ഇതേ സ്ഥലത്ത് സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
അന്നു തന്നെ ഒരു ഗ്യാസ് ലോറിയും ഇവിടെനിന്ന് പുഴയിലേക്ക് വീണിരുന്നു. പാലത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഇരുവശങ്ങളിലുമുള്ള കൊടുംവളവുകളും കുത്തനെയുള്ള ഇറക്കവുമാണ് അപകടങ്ങൾക്കിടയാക്കുന്നത്. വളവുകൾ നികത്തിയും ഇറക്കം കുറച്ചും വീതി കൂട്ടിയും ഇവിടെ പുതിയൊരു പാലം നിർമിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്.